അന്ത്യമില്ലാത്ത # ടാഗുകൾ

# ടാഗുകൾക്കും വാട്സ്ആപ്പ് സ്റ്റാറ്റസുകൾക്കും പ്രതിഷേധ DP കൾക്കും പറയാനുള്ളത് പറഞ്ഞു കഴിഞ്ഞുവെങ്കിൽ ,

“കൊല്ലുന്നതിനു മുൻപ് എനിക്കവളെ ഒന്ന് കൂടി വേണം. ”
ആ പിഞ്ചു കുഞ്ഞിനെ മരണത്തിനു ഇരയാക്കുന്നതിനു മുൻപ് പ്രതികളിൽ ഒരാൾ പറഞ്ഞ വാക്കുകൾ.
എഴുതുമ്പോൾ വാക്കുകൾക്ക് പതർച്ച അനുഭവപ്പെടുന്നുണ്ട് . ആ വിറങ്ങൽ പ്രതികരണശേഷി നഷ്ടപ്പെട്ട ഇന്നിന്റെ ജീർണതയല്ല. അധികാരത്തിന്റെ രാജകീയ ശയ്യയിൽ സുഖസുന്ദരമായി ഒന്നും കണ്ടും കേട്ടുമില്ല എന്ന് നടിച്ചു കൂർക്കം വലിച്ചുറങ്ങുന്നതായി അഭിനയിക്കുന്ന ഭരണാധികാരികളോടുള്ള ഭയമല്ല.
മറിച്ചു ,
ഇത് ഇന്ത്യയാണ്… !!!
ഇവിടെ, ഇന്ന് ഇങ്ങനൊക്കെ തന്നെയാണ്… !!!
എന്ന യാഥാർഥ്യം മനസ്സിലാക്കിയുള്ള ഒരു തരം അറപ്പാണ് ;പുച്ഛമാണ്.
ജമ്മു കാശ്മീരിലെ കത്വയിൽ ജീവിച്ചു കൊതി തീരാത്ത ബാല്യത്തെയും , താലോലിച്ചും, സ്നേഹിച്ചും, വാത്സല്യം പകർന്നും, ഊട്ടിയും ഉറക്കിയും, ചുംബിച്ചും മടുക്കാത്ത മാതൃത്വത്തിനു നേരെയും ഏദൻ തോട്ടത്തിലെ സർപ്പം വിഷം ചീറ്റി !!!
എട്ടു വയസുകാരിയുടെ ശരീരം അവരിൽ ലൈഗിക ചോദന ഉളവാക്കിയെങ്കിൽ വസൂരി പിടിപെട്ട ഒരു കാലത്തിലൂടെയാണ് എന്റെയും നിന്റെയും സഞ്ചാരം എന്ന ബോധ്യം ഉളവാകേണ്ടതുണ്ട്.ഭരണകൂടം സർവ്വതിനും ചുക്കാൻ പിടിക്കുന്നതും മാധ്യമ ലോബികൾ അധികാരികളുടെ കുഴലൂത്തുകാരായി മാറിയതും അപലനീയം തന്നെ !!
വാട്സാപ്പിൽ പ്രതിഷേധ സ്വരം ആളിക്കത്തുമ്പോളും ആസിഫ എന്ന പൂമൊട്ടിന്റെ ചിത്രങ്ങൾ share ചെയ്യുമ്പോളും ഒരു ചോദ്യം ശക്തമായി ഉയരുന്നു.
“ഇന്നു ഞാൻ നാളെ…???”
ജി ശങ്കരക്കുറുപ്പ് കുറിച്ചത് പോലെ :
“വന്നുതറച്ചിതെൻ കണ്ണിലാപെട്ടിമേൽ
നിന്നുമാറക്ഷരം ഇന്നു ഞാൻ നാളെ നീ. ”
ഒരു നിമിഷം കുടുംബവും പെങ്ങളും കൂട്ടുകാരുമൊക്കെ മത്തു പിടിച്ച ചിന്തകളിൽ കൂടി ഉലാത്തുന്നുണ്ടായിരുന്നു.
ആസിഫ ;ഇന്നു ആ പേരിൽ ചില യാഥാർഥ്യങ്ങൾ കൊത്തിവച്ചിരിക്കുന്നുണ്ട്…..

“അയല്പക്കത്തെ കുട്ടികൾ മാവിൻ ചുവട്ടിൽ കളിച്ചു തകർക്കുന്നു. ‘പൂവാലാ !അണ്ണാറക്കണ്ണാ… ഒരു മാമ്പഴം താ… ‘എന്ന് ആർക്കുന്നു. കുട്ടിപ്പുരകൾ ഉണ്ടാക്കിയിരിക്കുന്നു. പെട്ടന്ന് കാറ്റുവീശുന്നു. നാട്ടുമാവിൽ നിന്ന് തുരു തുരെ മാമ്പഴം ഉതിരുന്നു. കുട്ടികൾ കോലാഹലം കൂട്ടി ഓടുന്നു. എല്ലാം സസൂക്ഷ്മം വീക്ഷിച്ച അമ്മയുടെ കണ്ണുകളിൽ കാർമേഘം പോലെ പെയ്യുന്നു. ”
(മാമ്പഴം -(ആഖ്യാനം))
ആ അമ്മയെപ്പറ്റിയോ അമ്മയുടെ കണ്ണീരുവീണു കുതിർന്ന ഭൂമിയെ പറ്റിയോ ഓർക്കാതിരിക്കാൻ വയ്യ. സ്വന്തം മകളെ മതത്തിന്റെ പേരിൽ മതഭ്രാന്തന്മാർ പിച്ചി ചീന്തിയ വാർത്ത ചുടുകണ്ണീരോടെ ഏറ്റു വാങ്ങേണ്ടി വന്നവളുടെ വേദന.
അതെ,
മതം ;
ദൈവം.
ഒളിഞ്ഞും തെളിഞ്ഞും കുറ്റവാളികൾ ആവുന്നു. നിറം ചാലിച്ച കൗമാര സ്വപ്നങ്ങൾക്ക് മതം ശവമഞ്ചം ഒരുക്കിയപ്പോൾ….; ജുനൈദ്… ; മറന്നു കാണില്ല…അന്ന് ചിറപൊട്ടി ഒഴുകിയ നോവും കണ്ണീരും കണ്ടിട്ടെങ്കിലും അവർക്കത് നിർത്താമായിരുന്നു. ഒരു സൂക്ഷ്മ പ്രകാശ ബിന്ദുവിൽ നിന്ന് പലവഴിക്കായ്‌ തെറിക്കുന്ന കിരണങ്ങൾ പോലെയാണ് സ്നേഹത്തിൽ നിന്നും ഉത്ഭവിക്കുന്ന മതങ്ങളും എന്ന് മനസ്സിലാക്കേണ്ടുന്നിടത്ത്‌ വർഗീയതയുടെ വിഷം കുത്തി വയ്ക്കുകയായിരുന്നു അവർ. രാഷ്ട്രീയത്തിലൂടെ അതിനു വഴിയൊരുക്കിയപ്പോൾ “മതം ;ജാതി “എന്നത് തെമ്മാടികളുടെ രാഷ്ട്രീയ അജണ്ടയായി മാറുന്നു.
ബഗർവാൾ മുസ്ലിം സമുദായക്കാരെ പ്രദേശത്തു നിന്ന് ഒഴുപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഗൂഡാലോചനയുടെ പ്രതിഫലനം ആണ് ആ എട്ടു വയസുകാരി നേരിടേണ്ടി വന്നത് എന്ന് കുറ്റപത്രം സാക്ഷ്യപെടുത്തുമ്പോൾ സ്വാതന്ത്രം ലഭിച്ചു എഴുപത് വർഷം ആയിട്ടും “സ്വാതന്ത്ര്യം” എന്ന വാക്കിന്റെ അർത്ഥം തിരയുന്ന ഭാരതത്തെ കാണാം.
കത്വ കൊലപാതക കേസിലെ പ്രതികളെ പിന്തുണച്ചു ജമ്മുകശ്മീർ പ്രാദേശിക അഭിഭാഷകർ റാലി നടത്തിയതിൽ നിന്ന് തന്നെ വ്യക്തമാണ് നീതി എത്രമാത്രം സത്യത്തിനനുകൂലമായിരിക്കുമെന്ന്. ഇതിനിടെ പ്രതിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു സംഘപരിവാർ സംഘടനകളും, ഹിന്ദു ഏക്താ മഞ്ചും പിന്തുണയുമായി രംഗത്തെത്തിയതോടെ സമകാലിക രാഷ്ട്രീയത്തിന്റെ നേർചിത്രം വ്യക്തമായിരിക്കുന്നു.
ദീപക് ഖജൂറി, സുരേന്ദർ വർമ, ആനന്ദ് ദത്ത, തിലക് രാജ്, സൻജി റാം, പർവേഷ് കുമാർ, വിശാൽ പ്രതികളുടെ പേരുകൾ പറയാതെ പോകരുതല്ലോ. താരാട്ട് പാടി ഉറക്കാനും ചോറ് ഉരുളയാക്കി ഉരുട്ടി ഊട്ടാനും ഭരണാധികാരികളും ദൈവവും ജയിലിൽ സജ്ജീകരണങ്ങൾ ഒരുക്കുന്ന തിരക്കിലാണ്. ബിജെപി മന്ത്രിമാരായ ലാൽസിംഗും, ചന്ദർ പ്രകാശ് ഗംഗയും അധികാര കസേരയിൽ ഇരുന്നു പ്രതികൾക്ക് flying kiss നൽകുന്നതും രാഷ്ട്രീയ ജീർണതയുടെ അവശേഷിപ്പുകളാണ്.
ആസിഫയുടെ നിത്യശാന്തിക്കായി പ്രാർത്ഥിക്കാം എന്ന് പറയുന്നവരോട് കുറ്റപത്രത്തിലെ ആദ്യ ദൃക്‌സാക്ഷി ദൈവമാണ് എന്ന് ഒരോര്മപ്പെടുത്തൽ !!!
ജാതിയിൽ മനുഷ്യ ജാതി വരുവോളം # ടാഗുകൾക്ക് അന്ത്യമില്ല…

“കൊത്തി കീറുക വേടന്മാരുടെ,
കത്തി കരിയും ക്രൂരതയെ.”

Ashwin Dion

Advertisements

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s