വർഗ്ഗീയത തുലയട്ടെ

ജാതിയുടെയോ മതത്തിന്റെയോ വർണ്ണത്തിന്റെയോ മണം ആ രക്തത്തിനുണ്ടായിരുന്നില്ല. ഒരുപക്ഷെ മനുഷ്യൻ എന്ന ജാതിയെയും മാനവികത എന്ന മതത്തെയും സ്നേഹം എന്ന ദൈവത്തെയും കൂട്ടുപിടിച്ചതിനായിരിക്കണം ചങ്കിൽ തന്നെ കത്തി കുത്തി ഇറക്കിയത്.
“മരണപ്പെട്ടു… നഷ്ടപ്പെട്ടു… “എന്നു ചിന്തിക്കുന്നവർക്ക് വേണമെങ്കിൽ പുനരുത്ഥാനത്തെകുറിച്ചും ഉയിർപ്പിനെ കുറിച്ചും സംസാരിക്കാം. കത്തിയുമായി മരണത്തെ തോളിലേറ്റി വന്ന കാലൻ ഒരു നിമിഷം പതറി ഓടിയത് കണ്ടില്ല എന്നു നടിക്കുന്നവർ അവന്റെ ആഗമന നാളിനായി കാത്തിരുന്നുകൊള്ളു. എന്നാൽ യഥാർത്ഥത്തിൽ ഇട നെഞ്ചോടു ചേർത്ത് അഭിവാദ്യം പറയുന്ന ഭൂരിപക്ഷവും വിപ്ലവവും സത്യവും പ്രേമവും ധർമവും മതമായി കരുതുന്ന ഒരുപറ്റം ജനത ഇന്നും അവശേഷിച്ചിരിക്കുന്ന കേരളത്തിൽ, വട്ടവടയുടെ ശബ്ദം ആയി ദാരിദ്രത്തെയും പട്ടിണിയേയും തോൽപിച്ചു സമ്പത്തിനെതിരെയും കഷ്ടതയ്ക്കെതിരെയും യുദ്ധം ചെയ്തു പഠനവും വിപ്ലവവും പ്രണയവും കൈമുതലാക്കി വന്നവന് എങ്ങനെ മരണത്തിനു മുന്നിൽ തോൽക്കാൻ സാധിക്കും??
അതെ,
അവൻ മരിച്ചിട്ടില്ല !
മകരവ്യൂഹവും,കൂർമ്മവ്യൂഹവും, സർപ്പവ്യൂഹവും ഒക്കെ തരണം ചെയ്യുവാനുള്ള വിദ്യകൾ അനായാസം ഹൃദ്യസ്ഥമാക്കിയിട്ടും ചക്രവ്യൂഹത്തിൽ പെട്ട് ജീവിതത്തിന്റെ രണ്ടറ്റവും കാണാതെ ഒടുവിൽ മരണത്തിനു കീഴ്‌പെട്ടുപോയ അഭിമന്യു അല്ല ഇവൻ !
ഉറച്ച നിലപാടുകളുമായി, മരിക്കാത്ത അക്ഷരങ്ങളായി, വർഗീയതയ്‌ക്കെതിരെ നെഞ്ച് വിരിച്ചു ഇന്ന് കോടിക്കണക്കിനു ജനതയുടെ ശബ്ദമായി ജീവിക്കുന്നവൻ !
അഭിമന്യു !
മഹാരാജാസ് കോളേജ് ചുവരിൽ വർഗീയ തെമ്മാടികളുടെ എഴുത്തിനെ ഖണ്ഡിച്ചു സ്വന്തം ജീവനും രക്തവും കൊണ്ട് വർഗീയത തുലയട്ടെ എന്ന് എഴുതിവച്ചവൻ… !
ആ അക്ഷരങ്ങളിലൂടെ അ”ക്ഷരമായി” ജീവിക്കുന്നവൻ… !
വിശ്വവിഖ്യാത എഴുത്തുകാരൻ Terry Hayes ന്റെ വാക്കുകൾക്കിടയിൽ വായിച്ചെടുക്കാൻ സാധിക്കുന്നുണ്ടായിരുന്നു.
“You can kill a thinker, but you can’t kill the thought. ”
ചില ആശയങ്ങളും ചിന്തകളും മുറിപ്പെടുത്തുംതോറും ശക്തി പ്രാപിച്ചു കൊണ്ടേയിരിക്കും.
ശെരിയാണ്…,
ഒരു ചിന്താഗതിയാണ് പുലയാടി മക്കൾ എന്നു ഒരുവനെ ജാതി പറഞ്ഞു ആക്ഷേപിക്കുന്നവന് എതിരെ ഉള്ള ചിന്ത !
ദൈവത്തെ കൈയിൽ അമാനമിട്ടാടുന്ന ചില പുരോഹിതസന്യാസി വർഗത്തിനെതിരെ ഉള്ള ചിന്ത !
സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്നു എന്നു പഠിപ്പിച്ചവന് വേണ്ടി ആയുധവുമായി തെരുവിൽ ഇറങ്ങുവാൻ തയ്യാറാവുന്ന മനുഷ്യ മൃഗങ്ങൾക്കെതിരെ ഉള്ള ചിന്ത !
കുമ്പസാരക്കൂട്ടിൽ തകർന്നടിഞ്ഞു പോകുന്ന ആത്മീയതയും,
അഖിലയും ഹാദിയയും രണ്ടായി മാറുന്ന സമകാലികവും,
ആർത്തവം അയോഗ്യതയാക്കിയ ദൈവവും,
ഇവർക്കായി മല്ലിടിക്കുന്ന വിശ്വാസികളും,
ഇതിനിടയിൽ…
ആത്മീയതയെ രാഷ്ട്രീയത്തിൽ ചേരുവകളാക്കി വെട്ടിവിഴുങ്ങുന്ന ഖദർധാരികളും കൊടികുത്തി വാഴുമ്പോൾ ;
ഇടർച്ച ഇല്ലാതെ…
മതേത്വരത്തെ കൂട്ടുപിടിച്ചു…
ചുവപ്പ് പൂക്കുന്ന ക്യാമ്പസുകളെ സൃഷ്ടിച്ചു…
പ്രണയത്തെയും സ്നേഹത്തെയും ഉയർത്തിപ്പിടിച്ചു…
അത്യുച്ചത്തിൽ… !!
ഇടിമുഴക്ക നാദമായി… !!
പറയാൻ കഴിയട്ടെ ;

*വർഗ്ഗീയത_തുലയട്ടെ*

◼ Ashwin Dion

Advertisements