സാന്റിയാഗൊമാർ

സാന്റിയാഗോ
The old man who fished alone in a stiff in the gulf stream, and he had gone eighty four days now without taking a fish.
വായനക്കിടയിൽ ഇച്ചിരി കൗതുകത്തോടെ അടയാളപ്പെടുത്തി വച്ചതായിരുന്നു.
ചുക്കി ചുളിഞ്ഞ മുഖം, വാർദ്ധക്യത്തിന്റെ സർവ്വ ലക്ഷണങ്ങളും തുറന്നു കാട്ടുന്നുണ്ടായിരുന്നു.
പടുകിഴവൻ ! എന്നാൽ നിശ്ചയദാർഢ്യത്തിനോ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിനോ പ്രായം തോന്നിക്കുന്നില്ല. അങ്ങനെ ആയിരുന്നെങ്കിൽ വലയിൽ കുടുങ്ങിയ ഭീമൻ മത്സ്യത്തിന് വേണ്ടി അദ്ദേഹം 84 ദിനരാത്രങ്ങൾ സഞ്ചരിക്കുകയില്ലായിരുന്നു…. ആർത്തിരമ്പുന്ന തിരമാലകളോടും അനന്തതയിലേക്ക് നീണ്ടുനിവർന്നു കിടക്കുന്ന കടലിനോടും യുദ്ധം ചെയ്യുക ഇല്ലായിരുന്നു… യുദ്ധ ഭൂമിയിലെ സൈനികന്റെ ഊർജവും കെട്ടുപോകാത്ത വീര്യവും ആ കിഴവനിൽ ഉണ്ടായിരുന്നു. ഏർണെസ്റ് ഹെമിങ്വേ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തിയ മുക്കുവൻ – സാന്റിയാഗോ.
ചില മുത്തശ്ശി കഥകളിലെ heroes ഉം ഒട്ടും വ്യത്യസ്തമല്ല. പ്രതികൂല സാഹചര്യങ്ങൾക്ക് നേരെ മൽപ്പിടുത്തം നടത്തി ഒരു സമൂഹത്തെ ആകെ രക്ഷിച്ചു വന്ന super heroes.
ഇനി കഴിഞ്ഞ ദിവസങ്ങളിലായി നാം കണ്ട ജീവിതയാഥാർഥ്യങ്ങളിലേക്ക് കടക്കാം.
സാന്റിയാഗൊമാർ ! The real super heroes !
ലോകത്തെ ആകമാനം നടുക്കിയ പ്രളയം. ജലത്താണ്ഡവത്തിൽ സ്വരുക്കൂട്ടി വച്ചതും, കുടുംബവും, ചവിട്ടുനിലം പോലും നഷ്ടപ്പെട്ടപ്പോൾ അതിജീവനത്തിനായി കഴുത്തറ്റ വെള്ളത്തിൽ കൈയിട്ടടിക്കുമ്പോൾ കൈനീട്ടി പിടിച്ചു കയറ്റിയ സൈന്യം – കടലിന്റെ മക്കൾ !
“രണ്ടു മത്സ്യത്തൊഴിലാളികൾ വന്ന ഒരു വള്ളത്തിലാണ് എന്നെയും കുടുംബത്തെയും അടക്കം 15 പേരെ ഒരു തുരുത്തിൽ നിന്നും കരക്കെത്തിച്ചത്. വെള്ളത്തിന്റെ പോക്ക് കണ്ടു ഭയന്ന് കരഞ്ഞു തുടങ്ങിയവരോട് അവർ അവർ പറഞ്ഞത് പേടിക്കണ്ട ഞങ്ങൾ ഉള്ളപ്പോൾ നിങ്ങൾക്കൊന്നും സംഭവിക്കില്ല. ഞങ്ങൾ ഇതു കുറെ കണ്ടതാണ് ” എന്നാണ്…
കര – നാവിക സേനയ്ക്കും മറ്റു രക്ഷാപ്രവത്തകർക്കും സഞ്ചരിക്കാൻ കഴിയാത്ത വിധം അടഞ്ഞ ഊടുവഴികളിൽ അതി സാഹസികം എന്നവണ്ണം മുക്കുവ ബോട്ടുകൾ രക്ഷാപ്രവർത്തനം നടത്തി. കടലിലെ തിരമാലകളോട് കിസ്സ പറഞ്ഞും സല്ലപിച്ചും കഴിയുന്നവരെ ജലത്തിന്റെ ഈ ക്രൂരതയിലേക്കുള്ള ഭാവമാറ്റം തെല്ലും ഭയപെടുത്തിയില്ല. കേരളത്തിന്റെ സൈന്യം എന്ന വിശേഷണം മുഖ്യമന്ത്രി നൽകിയതോടെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ തെളിഞ്ഞു നിൽക്കുന്ന മുഖമായി “THE FISHERMAN” മാറി.
സ്വന്തം ജീവനെ കുറിച്ചോ രക്ഷയെ കുറിച്ചോ അവർ ചിന്തിച്ചില്ല. രാത്രിയെ പകലാക്കിയും അവർ രംഗത്തിറങ്ങി… ആയിരകണക്കിന് പേരെ ‘പോകാൻ സമയം ആയില്ല’ എന്നു പറഞ്ഞു പുതിയ ജീവിതത്തിലേക്ക് കൂട്ടികൊണ്ടു വന്നു. ദുരന്തമുഖത്ത്‌ അകപ്പെട്ട കൈകുഞ്ഞുങ്ങളെ

സ്നേഹത്തിന്റെയും ധീരതയുടെയും മനുഷ്യത്വത്തിന്റെയും ലോകത്തിലേക്ക് താങ്ങി എടുത്തു വന്ന സാന്റിയാഗൊമാർ. അതിജീവനത്തിന്റെയും തിരിച്ചുവരവിന്റെയും പാത പണിതവർ.
ഒറ്റപെട്ടു പോയ സ്ഥലങ്ങളിലേക്ക്… എത്തിച്ചെല്ലാൻ കഴിയാത്ത ഇടങ്ങളിലേക്ക്… മുണ്ട് മുറുക്കി ; സധൈര്യം ; പ്രളയത്തെ വെല്ലുവിളിച്ചു ; സ്വന്തം ജീവനെ തൃണവത്കരിച്ചു അവർ തുഴഞ്ഞു നീങ്ങിയത് നാം ജീവിക്കുന്ന നിലത്തിന്റെ നിലനിൽപിന് വേണ്ടിയായിരുന്നു.
അടിപതറാതെ ലക്ഷ്യത്തിനായി തുഴഞ്ഞ സാന്റിയാഗോ യുടെ കണ്ണുകളിൽ കണ്ട അതേ വെട്ടം ഇവരിലും കാണാമായിരുന്നു.
അതേ… കേരളത്തിന്റെ സൈന്യം.

Ashwin Dion

Advertisements